ശ്രീലങ്കയില്‍ പെട്രോളിനായി കലാപം; പ്രധാന പാതകളെല്ലാം ജനം ഉപരോധിച്ചു

news image
May 21, 2022, 4:57 pm IST payyolionline.in

കൊളംബോ: ശ്രീലങ്കയില്‍ പെട്രോള്‍ ആവശ്യപ്പെട്ടുള്ള കലാപം രൂക്ഷമാകുന്നു. തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിച്ചു. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു വിതരണ കമ്പനികള്‍ അറിയിച്ചതോടെയാണു സമരം തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി ഒന്നരമാസം പിന്നിടുമ്പോഴും ലങ്കന്‍ തെരുവുകളിലെ പ്രക്ഷോഭത്തിന് കുറവ് വന്നിട്ടില്ല. സിലിണ്ടറുകളുമായി ആളുകള്‍ പാചകവാതകത്തിനായി മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള ആളുകളുടെ ബഹളങ്ങള്‍ കലാപത്തിലേക്കു നീങ്ങുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം പെട്രോള്‍ ആവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്നു നിശ്ചലമായി.

 

അതിനിടെ, ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യന്‍ ഇ‍ന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപീകരിച്ച കര്‍മ സിമിതി അറിയിച്ചു. മരുന്നും ഭക്ഷണവും വാങ്ങുന്നതിനായി നിലവിലെ പദ്ധതികളുടെ പണം ലങ്കയ്ക്കായി നല്‍കാമെന്നാണു സമിതിയുടെ തീരുമാനം. രാജ്യാന്തര നാണ്യനിധിയുമായി ലങ്ക നടത്തുന്ന വായ്പ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഈ ആഴ്ച തന്നെ വായ്പ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകും.വിദേശ കടപത്രങ്ങളുടെ പലിശയടക്കുന്നതു മുടങ്ങിയതോടെ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് ലങ്കയുടെ റേറ്റിങ് സിയില്‍ നിന്നു ഡിയിലേക്കു താഴ്ത്തി. ഇതോടെ വിദേശ വായ്പകള്‍ക്കും തടസ്സമുണ്ടാകും. ഇന്ത്യയുടെ ഒരു മില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് വായ്പ അമേരിക്കന്‍ ഡോളറില്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe