ശ്രദ്ധ കൊലപാതകം; മൃതദേഹം കഷ്ണങ്ങളാക്കാൻ അഫ്താബ് ഉപയോ​ഗിച്ച അഞ്ച് കത്തികൾ കണ്ടെത്തി

news image
Nov 25, 2022, 6:16 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി ശ്രദ്ധ വാക്കർ കൊലപാതകത്തിൽ നിർണായകമായ കണ്ടെത്തൽ. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ അഫ്താബ് പൂനാവാല ഉപയോഗിച്ച അഞ്ച് കത്തികൾ കണ്ടെത്തി.  ദാരുണമായ കൊലപാതകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളിൽ ഒന്നാണിതെന്ന് ദില്ലി പോലീസ് അവകാശപ്പെട്ടു. 5-6 ഇഞ്ച് നീളമുള്ള അഞ്ച് കത്തികൾ കണ്ടെടുത്തതായും അവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു.

കാമുകിയായ ശ്രദ്ധയെ അഫ്താബ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി, മൂന്നാഴ്ചയിലധികം ഫ്രിഡ്‍ജിൽ സൂക്ഷിച്ചു. പിന്നീട് ശ്രദ്ധയുടെ ശരീര ഭാ​ഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു.  മൃതദേഹം മുറിക്കാൻ ഉപയോ​ഗിച്ചതെന്ന് കരുതപ്പെടുന്ന ആയുധം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും ഇവിടെ നിന്ന് ലഭിച്ചിരുന്നു.

കൊല്ലപ്പെട്ട ശ്രദ്ധ വാക്കറിന്റെ പിതാവ് കഴിഞ്ഞ മാസം മുംബൈക്കടുത്തുള്ള വസായിൽ മകളെ കാണാനില്ല എന്ന പേരില്‍ നല്‍കിയ പരാതിയാണ് അഫ്താബിലേക്ക് എത്തിയത്. മഹാരാഷ്ട്ര പൊലീസില്‍ എത്തിയ കേസില്‍ ഒക്ടോബർ 26 ന് അഫ്താബ് പൂനാവാലയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മെയ് മാസം 22ന് വഴക്കുണ്ടായതിനെ തുടര്‍ന്ന് ശ്രദ്ധ ദില്ലിയിലെ മെഹ്‌റൗളി ഏരിയയിലെ ഛത്തർപൂരിലെ വാടക ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി അഫ്താബ് പോലീസിനോട് പറഞ്ഞു.

ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അഫ്താബ് അതേ മുറിയിൽ തന്നെ  താമസിച്ചു.  സൾഫ‍ർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ  ഇല്ലാതാക്കിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം.  ശ്രദ്ധയും അഫ്താബും  മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ദില്ലിയില്‍ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe