ശബരിമല ശ്രീകോവിലിന്റെ ചോർച്ച; നാളെ പ്രാഥമിക പരിശോധന

news image
Aug 2, 2022, 6:39 pm IST payyolionline.in

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തിയ സംഭവത്തില്‍ നാളെ പ്രാഥമിക പരിശോധന നടത്തും.  മഴയുടെ തീവ്രത കുറഞ്ഞതോടെയാണ് നാളെത്തന്നെ പരിശോധന നടത്താൻ തീരുമാനമായത്.  നിറപുത്തിരിക്ക് ഭക്തരെ കയറ്റി വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

 

 

നിറപുത്തരിക്ക് ഭക്തരെ കയറ്റിവിടുന്ന കാര്യത്തില്‍ ജില്ലയിലെ പൊതുസ്ഥിതി കണക്കിലെടുത്ത് ജില്ലാ കളക്ടർ തീരുമാനമെടുക്കാൻ ആണ്  മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇന്നു വൈകിട്ട് അന്തിമ തീരുമാനം ഉണ്ടാകും.  നാളെ വൈകിട്ടാണ് നിറപുത്തിരിക്കായി നടതുറക്കുന്നത്. ശ്രീകോവിലിന് ചോർച്ചയുണ്ടായ സംഭവത്തിൽ ദേവസ്വംബോർഡിന്റേത് ഗുരുതര വീഴ്ചയെന്നാണ് ആക്ഷേപം ഉയര്‍ന്നത്. മൂന്ന് മാസം മുമ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടും ബോർഡ് നടപടി എടുത്തില്ല.

മേടമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ തന്നെയാണ്  പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന്   ബോർഡിനെ സമീപിച്ചത്. സ്വർണ പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന്  ഹൈക്കോടതിയുടെ അനുമതി തേടണമെന്ന്  ഒരു മാസം മുമ്പ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത് എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നതും വ്യക്തമാണ്. സമയബന്ധിതമായി നിർമ്മാണം നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ  താഴേക്ക്   ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയൂ. നിറപുത്തരി ആഘോഷത്തിന് നട തുറക്കുന്ന നാളെ ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe