വ്യാപാരക്കമ്മി 30 മാസത്തെ താഴ്ന്ന നിലയില്‍

news image
Oct 10, 2013, 10:13 am IST payyolionline.in
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ വ്യാപാരക്കമ്മി 676 കോടി ഡോളര്‍. മുപ്പതു മാസത്തെ താഴ്ന്ന നിലയാണിത്. കയറ്റുമതി വര്‍ധിച്ചതും ഇറക്കുമതി കുറഞ്ഞതും രാജ്യത്തെ വ്യാപാരക്കമ്മി കുറച്ചു. കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കപ്പെടുമെന്ന സൂചന വ്യവസായ മേഖലയില്‍ പ്രതീക്ഷ വളര്‍ത്തുന്നു. ഡോളറിനെതിരേ രൂപയുടെ വില മെച്ചപ്പെടാന്‍ വ്യാപാരക്കമ്മിയിലെ കുറവു സഹായിക്കുമെന്നു പ്രതീക്ഷ. ഓഹരി വിപണിയില്‍ ഇത് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

സെപ്റ്റംബറില്‍ ഇറക്കുമതി 18.1% കുറഞ്ഞു. കയറ്റുമതിയില്‍ 11.15% വര്‍ധന. ടെക്സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കാര്‍ഷിക മേഖലകളില്‍ കയറ്റുമതി വര്‍ധനയുണ്ട്. സ്വര്‍ണം, ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ കുറവ്.

സ്വര്‍ണം, വെള്ളി ഇറക്കുമതി കുത്തനെ ഇടിഞ്ഞ് 80 കോടി ഡോളറിന്‍റേതായി. മുന്‍വര്‍ഷം ഇതേസമയം 460 കോടി ഡോളറിന്‍റേതായിരുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിആറു ശതമാനം ഇടിഞ്ഞ് 1319 കോടി ഡോളറിന്‍റേതായിട്ടുണ്ട്. ഇറക്കുമതി നിയന്ത്രിക്കുകയെന്ന സര്‍ക്കാര്‍ നയം വിജയിക്കുന്നുവെന്ന് വാണിജ്യ സെക്രട്ടറി എസ്.ആര്‍. റാവു.

2011 മാര്‍ച്ചില്‍ 380 കോടി ഡോളര്‍ വന്നതാണ് ഇതിനു മുന്‍പ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മി. ഓഗസ്റ്റില്‍ 1090 കോടി ഡോളറായിരുന്നു. സെപ്റ്റംബറിലെ മൊത്തം കയറ്റുമതി 2,760 കോടി ഡോളറിനു മുകളിലാണ്. ഇറക്കുമതി 3,440 കോടി ഡോളറിനടുത്തും. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി 5.14% വര്‍ധിച്ച് 15,210 കോടി ഡോളറിന്‍റേതായി. ഇറക്കുമതി 1.8% കുറഞ്ഞ് 23,223 കോടി ഡോളറിന്‍റേതും. ഈ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി ലക്ഷ്യം 32,500 കോടി ഡോളറാണ്. ഇതു കൈവരിക്കുമെന്ന് വാണിജ്യ സെക്രട്ടറിക്കു പ്രതീക്ഷ.

ആറു മാസക്കാലയളവില്‍ സ്വര്‍ണം, വെള്ളി ഇറക്കുമതി 8.7% കൂടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 3.58% വര്‍ധന. എണ്ണ ഇതര ഇറക്കുമതി 4.55% കുറഞ്ഞു. സെപ്റ്റംബറില്‍ ഇവയുടെ ഇറക്കുമതിയിലെ കുറവ് 24.19%. എന്‍ജിനീയറിങ് മേഖലയിലെ കയറ്റുമതി പോസിറ്റീവ് വളര്‍ച്ച കാണിക്കാന്‍ തുടങ്ങിയെന്ന് റാവു. സെപ്റ്റംബറില്‍ ഈ മേഖലയിലെ കയറ്റുമതി വളര്‍ച്ച 15.2%. ഏപ്രില്‍-സെപ്റ്റംബറില്‍ 0.62% ഇടിവാണ്. ചായ, കാപ്പി, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവയുടെ ഇറക്കുമതിയില്‍ കുറവുണ്ടെന്നും വാണിജ്യ സെക്രട്ടറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe