വൈദ്യ പരിശോധനക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍; ഒളിവിൽ കഴിഞ്ഞത് കളിമൺ കേന്ദ്രത്തില്‍

news image
Nov 14, 2023, 4:33 am GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യ പരിശോധനക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. മയക്കുമരുന്ന് കേസിലെ പ്രതി സെയ്ദ് മുഹമ്മദിനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗലം കാരമൂടുള്ള കളിമൺ കേന്ദ്രത്തിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്.

ഈ മാസം ഒമ്പതിനായിരുന്നു നാടകീയമായ സംഭവം. എംഡിഎംഎ കേസിൽ ചോദ്യം ചെയ്യാൻ വേണ്ടിയായിരുന്നു മ്യൂസിയം പൊലീസ് സെയ്ദ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയത്. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലെത്തിച്ച് കൈവിലങ്ങ് അഴിച്ചതോടെ പൊലീസിനെ തള്ളിമാറ്റി പ്രതി രക്ഷപ്പെട്ടു.

 

തുടർന്ന് സെയ്ദ് മുഹമ്മദിന്‍റെ കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മംഗലം കാരമൂടുള്ള കളിമൺ കേന്ദ്രത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നെന്ന വിവരം കിട്ടിയത്. മ്യൂസിയം എസ്ഐ ജിജുകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാടിനുള്ളിലെ കേന്ദ്രത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ മാരക ആയുധങ്ങളുണ്ടായിരുന്നു. നേരത്തെ 40 കിലോ കഞ്ചാവ് കടത്തിയ കേസിലും സെയ്ദ് മുഹമ്മദ് എക്സൈസിന്റെ പിടിയിലായിരുന്നു. തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രതി.

അതേസമയം പാലക്കാട് ജില്ലയില്‍ ഇന്നലെ രണ്ടിടങ്ങളില്‍ നിന്നായി 200 ഓളം കിലോ കഞ്ചാവ് പിടിച്ചെടുത്തു. അട്ടപ്പാടിയില്‍ നിന്ന് 150 കിലോയും പട്ടാമ്പിയില്‍ നിന്ന് 49 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

 

അട്ടപ്പാടി കോട്ടത്തറ ചന്തക്കടയില്‍ നിന്നാണ് എക്‌സൈസ് സ്‌ക്വാഡ് 150 കിലോ കഞ്ചാവ് പിടികൂടിയത്. കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാല് പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി അന്‍വര്‍, അട്ടപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഷിഫ്, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. വീട് വാടകയ്ക്ക് എടുത്ത് ആഢംബര വാഹനങ്ങളില്‍ ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്.

പട്ടാമ്പി പള്ളിപ്പുറം കോഴിക്കുന്നില്‍ നിന്നും രാവിലെയാണ് കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ പൊലിസ് പിടികൂടിയത്. ഒഡിഷ സ്വദേശികളായ രവീന്ദര്‍ പ്രധാന്‍, ജിക്കരിയ ജന്നി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 49 കിലോ ഗ്രാം കഞ്ചാവാണ് പൊലിസ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe