തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഈ വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന് സമാനമായി, സംസ്ഥാനത്തും സർക്കാരിനെതിരെ അഭിപ്രായം പറയുന്ന മാധ്യപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നാണ് സതീശന് ചൂണ്ടിക്കാട്ടിയത്. സിഐടിയു നേതാവ് എളമരം കരീമിനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ കേസെടുക്കുകയായിരുന്നുവെന്ന് സതീശന് പറഞ്ഞു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ സമീപകാലത്ത് എടുത്ത കേസും പരാമർശിച്ചായിരുന്നു വിമർശനം.