‘വയനാട്ടിൽ 100 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞിട്ട് മറുപടിയില്ല’; കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് കർണാടക

news image
Dec 10, 2024, 9:56 am GMT+0000 payyolionline.in

ബംഗളൂരു: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാറിന്‍റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്ന് കത്തിൽ പറയുന്നു.

കേരള സര്‍ക്കാറിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് നിര്‍മിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക തയാറാണെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി.

വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നേരത്തെ ചർച്ച നടത്തിയിരുന്നു. വീട് നിർമിച്ച് നൽകാനുള്ള സ്ഥലം സംബന്ധിച്ച് വിവരം അറിയിക്കാമെന്ന് അന്നത്തെ ചർച്ചയിൽ കേരള ചീഫ് സെക്രട്ടറി കർണാടകയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം കൈമാറാൻ വൈകിയ സാഹചര്യത്തിലാണ് കർണാടക കത്തയച്ചിരിക്കുന്നത്.

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെ 100 വീട് നിർമിച്ച് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന സഹായത്തിനായി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിക്കുകയും ചെയ്തു.

കേരള സർക്കാറിന്‍റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. വീട് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ്, മുസ് ലിം ലീഗ് അടക്കം പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. കൂടാതെ, ദുരിതാശ്വാസ സഹായം ഉടൻ പൂർത്തിയാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe