വന്‍ ഓഫര്‍, വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം: മന്ത്രി

news image
Oct 4, 2023, 3:49 pm GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശിക വന്‍ പലിശയിളവോടെ തീര്‍ക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്നാണ് മന്ത്രി അറിയിച്ചത്. വന്‍ ഓഫറാണെന്നും ഇത് പരിമിത കാലത്തേക്ക് മാത്രമാണമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് പലിശ നാല് ശതമാനം മാത്രമാണ്. അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ അഞ്ച് ശതമാനവും രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ ആറ് ശതമാനം മാത്രമാണെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ 6 തവണകളായി അടയ്ക്കാന്‍ അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. ഈ സുവര്‍ണ്ണാവസരം പരിമിതകാലത്തേക്കു മാത്രമാണ്. വിശദവിവരങ്ങള്‍ക്ക് കെഎസ്ഇബി വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ തടസം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe