വണ്ടിപ്പെരിയാർ പീഡനക്കേസ് അന്വേഷണത്തിൽ ‘ഗുരുതര വീഴ്ച’; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

news image
Feb 1, 2024, 2:28 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.‍ഡി സുനിൽകുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സുനിൽകുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നു പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് പറ‍ഞ്ഞു. ‘‘തെളിവുകൾ നശിപ്പിക്കപ്പെട്ടു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. കോടതി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി സിപിഎമ്മുകാരനാണ്. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. കേസ് പുനരന്വേഷിക്കണം’’– സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചത്. 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe