വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്

news image
Jan 24, 2024, 3:16 pm GMT+0000 payyolionline.in

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട  പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തത്. തന്നെ കയ്യേറ്റം ചെയ്തെന്നാണ് പാൽരാജിൻ്റെ പരാതി. പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പൊലീസാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. നേരത്തെ, കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് നേരെ പാൽരാജിന്റെ ആക്രമണമുണ്ടായിരുന്നു. കേസിൽ പാൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വണ്ടിപ്പെരിയാർ ടൗണിൽവെച്ച് ജനുവരി ആറിനാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം പാൽ‌രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.

തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചിരുന്നു. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിന്റെ ഭാഗമായി ഇരയുടെ അച്ഛനും അമ്മയ്ക്കും  കുടുംബാംഗങ്ങള്‍ക്കും മുഴുവന്‍ സമയ അംഗരക്ഷകരെന്ന നിലയില്‍ പൊലീസുകാരെ നിയമിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe