വടകര: ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പരമാവധി സേവനവും സഹായവും നല്‍കുക എന്നതിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. ഓഫിസ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫിസിലാണ് സഹായ കേന്ദ്രം തുടങ്ങിയത്.പ്രവൃത്തി സമയങ്ങളില്‍ മുഴുവനായും ഒരു ജീവനക്കാരന്റെ സേവനം ഉണ്ടായിരിക്കും.
അടിയന്തര സ്വഭാവമുുള്ളതും അത്യാവശ്യവുമായ അപേക്ഷകള്‍ റേഷന്‍ കാര്‍ഡ് സോഫ്റ്റ്വെയറില് ഓണ്‍ലൈന്‍ അപ്രൂവല്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. അപേക്ഷകര്‍ക്ക് ക്യൂ നില്‍ക്കാതെയുള്ള ടോക്കണ്‍ സമ്പ്രദായം നേരത്തെ തന്നെ സപ്ലൈ ഓഫിസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്കിലെ 22 പഞ്ചായത്തുകളില്‍ നിന്നും വടകര മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ള 250 ലധികം പേര് ദിവസേന വിവിധ റേഷന്‍ കാര്‍ഡ് ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നുണ്ടെന്ന് വടകര താലൂക്ക് സപ്ലെ ഓഫിസര്‍ അറിയിച്ചു.