വടകരയില്‍ വീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദനം ; കാറും കത്തിച്ചു

news image
Jun 28, 2022, 10:19 am IST payyolionline.in

വടകര : വടകരയില്‍ വീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദനം. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. അക്രമികൾ യുവാവിന്റെ കാർ പൂർണമായും അഗ്നിക്കിരയാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം.

കല്ലേരിയിലാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ച അക്രമികൾ കാർ കത്തിച്ചത്. മറ്റൊരു ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽനിന്ന് വിളിച്ചിറക്കിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മർദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ കാർ കത്തിച്ചത്.

 

ആക്രമിച്ചവർക്ക് യുവാവുമായി മുൻപരിചയമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്വർണക്കടത്തു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഒരു സംശയം. കണ്ണൂരിൽനിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഇരയായ യുവാവിന്റെ മൊഴി ഇതുവരെ പൂർണമായും രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയത്. യുവാവിന്റെ മൊഴി ലഭിക്കുന്നതോടെ അക്രമി സംഘത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe