ലൈഫ് ഭവന നിര്‍മാണം നിലച്ചു, പെൻഷനും കിട്ടാനില്ല; ജീവിതം ദുരിതത്തിലായി കണ്ണൂരിലെ ഒരു കുടുംബം 

news image
Nov 16, 2023, 4:11 am GMT+0000 payyolionline.in

കണ്ണൂർ : സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയതോടെ സാധാരണക്കാരായ നിരവധിപ്പേരെയാണ് അത് ബാധിച്ചിരിക്കുന്നത്. ലൈഫ് ഭവന നിര്‍മാണം നിലയ്ക്കുകയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുകയും ചെയ്തതോടെ ജീവിതം തടവിലായ നിലയിലാണ് തളിപ്പറമ്പ് ചപ്പാരപടവ് പഞ്ചായത്തിലെ ജോര്‍ജും ഭാര്യയും. അയല്‍വാസിയുടെ ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ഓലക്കുടിലിലിരുന്ന് പാതി പൂര്‍ത്തിയായ വീട് നോക്കി നെടുവീര്‍പ്പെടുകയാണ് ഇരുവരും. അഞ്ച് സെന്‍റ് ഭൂമിയിൽ പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടാണ് ജോര്‍ജിന്‍റെയും ഭാര്യ വല്‍സമ്മയുടെയും  ഏക സ്വത്ത്. അയല്‍വാസിയുടെ ഭൂമിയില്‍ കെട്ടിയ ഓലപ്പുരയില്‍ നിന്ന് ഉടന്‍ ഇറങ്ങേണ്ടി വരുമെന്ന ആധിയിലാണ് ഇരുവരും. 

ചപ്പാരപ്പടവ് പഞ്ചായത്തിലെ 378 ഭവന രഹിത കുടുംബങ്ങളിൽ ഒന്ന് ജോർജിന്റേതാണ്. താമസിച്ചുവന്ന വീട് പൊളിഞ്ഞു വീഴാറായതോടെയായിരുന്നു ലൈഫ് പദ്ധതിക്ക് കീഴില്‍ വീടിന് അപേക്ഷിച്ചത്. ഗുണഭോക്തൃ പട്ടികയില്‍ ആദ്യ പരിഗണന കിട്ടി. പഴയ വീട് പൊളിച്ച് അയല്‍വാസിയുടെ ഭൂമിയില്‍ ഒരു ഓലക്കുടില്‍ കെട്ടി ജോര്‍ജും ഭാര്യയും താമസം മാറി. വീടായാലുടന്‍ താമസമൊഴിയാമെന്ന ഉറപ്പിലാണ് അയൽവാസിയുടെ പറമ്പിൽ കുടിൽ കെട്ടിയത്. ആദ്യ ഘഡു തുക കൊണ്ട് നിര്‍മാണം തുടങ്ങി. പിന്നീട് രണ്ട് വട്ടം കൂടി പണം കിട്ടി. ആകെ 2,80,000 രൂപ. എന്നാല്‍ ലിന്‍റില്‍ പൊക്കത്തില്‍ നിര്‍മാണം എത്തിയതോടെ പണം കിട്ടാതായി. ഇതിനിടെ അയല്‍വാസി ജോര്‍ജജിന്‍റെ കുടിലിരിക്കുന്ന ഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു.

സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്ന ക്ഷേമ പെന്‍ഷനായിരുന്നു ജോര്‍ജിന്‍റെയും വല്‍സമ്മയുടെയും ജീവിതം നിലനിര്‍ത്തിയിരുന്നത് അതുകൂടി മുടങ്ങിയതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാത്ത പ്രതിസന്ധിയായി.യുഡിഎഫ് ഭരിക്കുന്ന ചപ്പാരപടവ് പഞ്ചായത്തില്‍ 314 പേരാണ് ഭൂമിയുളള ഭവന രഹിതര്‍. ഭൂമിയോ വീടോ ഇല്ലാത്തവര്‍ 64. ഇതില്‍ 100 പേര്‍ വീട് നിര്‍മാണത്തിന് കരാര്‍ വച്ചു. ഗ്രാമ പഞ്ചായത്തിന്‍റെ പ്ളാന്‍ ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് ഇതുവരെ പണം നല്‍കിയതെന്നും ജില്ലാ പഞ്ചായത്ത് വിഹിതം കിട്ടാഞ്ഞതാണ് പ്രധാനമായും പ്രശ്നമായതെന്നും പഞ്ചായത്ത് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ ഹഡ്കോ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. എന്നാൽ ഇതിനിടെയും ഈ വര്‍ഷവും തളിപ്പറമ്പ് മണ്ഡലത്തില്‍ ഹാപ്പിനെസ് ഫെസ്റ്റ് സംഘടിപ്പിക്കാനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe