തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിംലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടണമെന്ന് കോൺഗ്രസ് നേതാവ് ആക്രോശിച്ചെന്ന് പരാതി പറഞ്ഞ വെമ്പായം നസീർ പാര്‍ട്ടി അംഗമല്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു. മുസ്ലീം ലീഗ് പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയുമാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായതെന്നായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം.
തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദം. പരിപാടിയിൽ പങ്കെടുക്കാൻ ലീഗ് ജില്ലാ കമ്മിറ്റി അംഗം, യൂണിയൻ ജില്ലാ ജനറൽസെക്രട്ടറി, സിഎച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയർമാൻ എന്നീ പദവികളുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് വെമ്പായം നസീർ എത്തിയത്. തുടര്‍ന്ന് ഇയാൾ വേദിയ്ക്ക് സമീപം ലീഗ് കൊടി സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. മുസ്ലീം ലീഗ് പതാക സ്ഥാപിക്കാൻ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ്ടൂര്‍കോണം സനൽ സമ്മതിച്ചില്ലെന്നും ലീഗിൻ്റെ പതാക പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടണമെന്ന് സനൽ ആക്രോശിച്ചെന്നുമാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്. വിഷയത്തിൽ കെപിസിസി പ്രസഡിന്റിനും ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പിഎംഎ സലാമിനും നസീർ പരാതി നൽകി