രൂപയും, ഓഹരിയും നേട്ടം തുടരുന്നു

news image
Oct 12, 2013, 10:31 am IST payyolionline.in
മുംബൈ:സാമ്പത്തിക വര്‍ഷം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലം കമ്പനികള്‍ പുറത്ത് വിടാന്‍ തുടങ്ങിയത് ഓഹരി വിപണിയും രൂപയും നേട്ടത്തില്‍ തുടരുന്നതിന് സഹായകരമായി. സെന്‍സെക്സ് 255.68 പോയന്‍റിന്‍റെ നേട്ടവുമായി 20,528.59ലും നിഫ്റ്റി 75.25 പോയന്‍റ് ഉയര്‍ന്ന് 6,096.20ലുമാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരേ 32 പൈസയുടെ നേട്ടത്തോടെ 61.07 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

ഇന്‍ഫോസിസിന്‍റെ പ്രവര്‍ത്തന ലാഭം ഐറ്റി മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി. ഇന്‍ഫോസിസ് ഓഹരി 4.79 ശതമാനം നേട്ടത്തോടെ 3,273.90 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, വിപ്രോ എന്നിവയുടെ ഓഹരി വിലയും ഉയര്‍ന്നു. ബിഎസ്ഇ ഐടി സൂചിക 3.12 ശതമാനം മുന്നേറി. കഴിഞ്ഞ ക്വാര്‍ട്ടറില്‍ തുടര്‍ച്ചയായി രൂപയ്ക്ക് ഏറ്റ മൂല്യശോഷണം ഐറ്റി കമ്പനികളുടെ ലാഭ വര്‍ധനയില്‍ നിര്‍ണായകമായിരിക്കുകയാണ്.

ബാങ്കിങ്, മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ് മേഖലകളും നേട്ടമുണ്ടാക്കി. ലോഹം, ഊര്‍ജം, ഫാര്‍മ മേഖലകള്‍ നഷ്ടത്തില്‍ അവസാനിച്ചു.

സെന്‍സെക്സ് സൂചികയില്‍ 20 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 10 എണ്ണം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ടാറ്റാ മോട്ടോഴ്സ്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാഴണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഐടി ഇതര ഓഹരികള്‍ കോള്‍ ഇന്ത്യ, ടാറ്റാ പവര്‍ , എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ക്ക് ഇടിവ് നേരിട്ടു.

അന്താരാഷ്ട്ര വിപണിയില്‍ ഫ്രോന്‍സ്, ജര്‍മനി, ലണ്ടന്‍ സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസം വ്യാപാരത്തിന്‍റെ അവസാന നിമിഷത്തില്‍ മുന്നേറ്റം നടത്തിയ രൂപ ഇന്നലെ രാവിലെ മുതല്‍ തന്നെ നേട്ടം തുടര്‍ന്നു. വീണ്ടും രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി രൂപ. ഓഗസ്റ്റ് എട്ടിന് രൂപ 60.88 ല്‍ എത്തിയിരുന്നു. 61.39 ല്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച രൂപ ഒരു ഘട്ടത്തില്‍ 61.01 ലേക്കും പിന്നീട് 61.37 എന്ന നിലയിലും എത്തി. അമെരിക്കന്‍ സാമ്പത്തിക പ്രശ്നത്തില്‍ ഒരാഴ്ചയായി പരിഹാരം കാണാത്തത് രൂപയ്ക്ക് ബലമേകി. നാണ്യവിപണില്‍ ഡോളറിനെതിരേ കറന്‍സികള്‍ എല്ലാം ശക്തിപ്രാപിക്കുകയാണ്. രാജ്യത്തെ കയറ്റുമതി വര്‍ധിച്ചതിനാല്‍ ഡോളറിന്‍റെ ഒഴുക്ക് തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയ്ക്ക് കരുത്ത് പകരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe