യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകം: അന്വേഷണം കണ്ണൂരിലേക്കും

news image
Jul 28, 2022, 9:31 pm IST payyolionline.in

സുള്യ: സുള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനഞ്ച് പേരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ കേരള ബന്ധം പരിശോധിക്കുകയാണ്. യുപി മോഡല്‍ നടപ്പാക്കാന്‍ മടിക്കില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ സംഘടനകളെ നിരോധിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്.കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍ , 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നു.

അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുകയാണ്. രാജിഭീഷണിയും പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടാം ദിവസവും തെരുവിലാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം  തേടിയിരുന്നു.

കൊല്ലപ്പെട്ട പ്രവീണിന്‍റെ വസതി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് എതിരെ കര്‍ണാടക കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഈ സംഘടനകള്‍ക്ക് എതിരെ യുപി മോഡല്‍ നടപ്പാക്കാന്‍ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മയ് പറഞ്ഞു. അതേസമയം അക്രമങ്ങളിലേക്ക് നയിക്കുന്ന ആസൂത്രിത നീക്കങ്ങള്‍ തടയാന്‍ സ്വതന്ത്ര ചുമതലയുള്ള കമാൻഡ‍് സ്ക്വാഡിന് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കി.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ക്ക് എതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സംഘടനകളെ നിരോധിക്കുന്നതില്‍ കേന്ദ്രത്തിൽ നിന്നും അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നു – ബസവരാജ് ബൊമ്മയ് , കര്‍ണാടക മുഖ്യമന്ത്രി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe