യുദ്ധത്തടവുകാരുമായി പോയ റഷ്യൻ വിമാനം തകർന്നു ; 65 ഉക്രയ്‌ൻകാർ ഉൾപ്പെടെ 74 പേർ കൊല്ലപ്പെട്ടു

news image
Jan 25, 2024, 5:29 am GMT+0000 payyolionline.in
മോസ്കോ: യുദ്ധത്തടവുകാരായ 65 ഉക്രയ്‌ൻ സൈനികരുമായി പോയ റഷ്യൻ സൈനികവിമാനം തകർന്നു. മോസ്കോയിൽനിന്ന്‌ ബെൽഗൊറോഡിലേക്ക്‌ തടവുകാരെ  മാറ്റുകയായിരുന്ന വിമാനമാണ്‌ ബുധൻ രാവിലെ ഉക്രയ്‌ൻ അതിർത്തിയിലെ യാബ്‌ലൊനോവോ ഗ്രാമത്തിൽ തകർന്നുവീണത്‌. വിമാനത്തിലുണ്ടായിരുന്ന 65 തടവുകാരും ആറു ജീവനക്കാരും തടവുകാരെ അനുഗമിക്കുകയായിരുന്ന മൂന്ന്‌ ഉദ്യോഗസ്ഥരും മരിച്ചതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. യുദ്ധത്തടവുകാരെ കൈമാറുന്നതിനു മുന്നോടിയായി ബെൽഗൊറോഡിലേക്ക്‌ മാറ്റുന്നതിനിടെയായിരുന്നു അപകടം.

വിമാനം ഉക്രയ്‌ൻ വെടിവച്ചിട്ടതാണെന്ന്‌ റഷ്യ ആരോപിച്ചു. ഉക്രയ്‌നിലെ ഖർക്കീവിൽനിന്ന്‌ ബെൽഗൊറോഡിലേക്ക്‌ രണ്ടു മിസൈൽ തൊടുത്തതായി റഡാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉക്രയ്‌ൻ  ഭീകരാക്രമണമാണ്‌ നടത്തിയതെന്നും റഷ്യൻ അധികൃതർ പറഞ്ഞു. ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല. മഞ്ഞുവീണ പ്രദേശത്ത്‌ വിമാനം വീണ്‌ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

 

റഷ്യ–- ഉക്രയ്‌ൻ യുദ്ധം 700 ദിവസം പിന്നിടുമ്പോഴും, പരസ്പരം ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ്‌ ഇരുപക്ഷവും. ബുധനാഴ്ച റഷ്യ നടത്തിയ റോക്കറ്റ്‌ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 130 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തതായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe