ന്യൂഡല്‍ഹി: അപ്രോപ്രിയേഷന്‍ ബില്ലുകള്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസിലുണ്ടായ ഓഫിസ് അടച്ചുപൂട്ടലുകള്‍ നീണ്ടുനിന്നാല്‍ ഇന്ത്യന്‍ കയറ്റുമതിയെ ഗുരുതരമായി ബാധിക്കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുണ്ടാകുന്ന കാലതാമസങ്ങള്‍ പ്രധാന പ്രശ്നം. അതേസമയം, യുഎസ് സര്‍ക്കാര്‍ ചെലവുമായി നേരിട്ടു ബന്ധമില്ലാത്ത ഐടി, ഫാര്‍മ സെക്റ്ററുകള്‍ ആശങ്കപ്പെടുന്നില്ല. തങ്ങളെ ഇതു ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണവര്‍.വാണിജ്യ സൗകര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് എന്തായാലും ഇന്ത്യയുടെ മൊത്തം കയറ്റുമതിയെ ബാധിക്കുമെന്ന് അസോച്ചം പ്രസിഡന്റ് റാണ കപൂര്‍ പറഞ്ഞു. വാണിജ്യ തുറമുഖങ്ങള്‍ അവശ്യ സേവനത്തിന്റെ പരിധിയില്‍ വരുന്നില്ല. ചരക്ക് ക്ലിയറിങ് തടസപ്പെടും. കാലതാമസത്തിന് കപ്പലുകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരും. സര്‍ക്കാര്‍ ഓഫിസുകളിലെ പേപ്പര്‍ ജോലികള്‍ വൈകുന്നതും വാണിജ്യ രംഗത്തു പ്രശ്നങ്ങളുണ്ടാക്കും. വീസ പ്രോസസിങ് സമയവും കൂടും.
എന്‍ജിനീയറിങ് കയറ്റുമതിക്കാര്‍ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 20 ശതമാനത്തോളം ഈ മേഖലയിലാണ്.