തിക്കോടി : കരാട്ടെയിൽ ഒരുമിച്ച് രണ്ട് സ്വർണമടക്കം മെഡൽ നേടിയ സന്തോഷത്തിലാണ് തിക്കോടിയിലെ സഹോദരങ്ങൾ. മഹാരാഷ്ട്രയില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യഷിപ്പില്‍ ആണ് സഹോദരങ്ങളായ ആദിത് സുരേഷും അദീന സുരേഷും ഈ നേട്ടം കൊയ്തത്. നെഹ്റു യുവ കേന്ദ്രയുടെ സഹായത്തോടെ അലൻ തിലക് ഷിട്ടോ റിയൂ കരാട്ടെ സ്കൂൾ ഇന്റർനാഷണൽ നടത്തിയ മോസസ് കപ്പ് ചാമ്പ്യൻഷിപ്പിലാണ് സഹോദരങ്ങളുടെ ഈ നേട്ടം. രണ്ട് സ്വർണവും രണ്ട് വെങ്കലവും അടക്കം 4 മെഡലുകളാണ് ഇവർ സ്വന്തമാക്കിയത്. പത്ത് വർഷമായി അലൻ തിലക് ഇന്റർനാഷണൽ സ്കൂളിൽ കരാട്ടെ പരിശീലനം തുടങ്ങിയിട്ട്. വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജായ ഷിഹാൻ പി, സുനിൽകുമാർ, സെൻസ അർഷാദ് എൻ ടി കെ ഇവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. അംഗീകാരം കൂടുതൽ ആത്മവിശ്വാസവും കരുത്തും നേടി തന്നുവെന്നാണ് ആദിത് സുരേഷും അദീന സുരേഷും പറയുന്നത്.
കഴിഞ്ഞ 2021 സംസ്ഥാന ജൂനിയർ കരാട്ടെ മത്സരത്തിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് ആദിത് സുരേഷ് വെങ്കലമെഡൽ കരസ്ഥമാക്കിയിട്ടുണ്ട് . അതെ കേഡറ്റ് വിഭാഗത്തിൽ മത്സരത്തിൽ അധീന സുരേഷും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ആദിത് സുരേഷ് സി കെ ജി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. അദീന സുരേഷ് ജിവിഎച്ച്എസ്എസ് പയ്യോളി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ ഈ സഹോദരങ്ങൾ നേടിയിട്ടുണ്ട്. ബഹറിനിൽ ജോലി ചെയ്യുന്ന തിക്കോടി സ്വദേശി സുരേഷ് ബാബുവിന്റെയും വീട്ടമ്മയായ പ്രജിലയുടെയും മക്കളാണ് ഇവർ.