മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

news image
Aug 6, 2022, 11:17 am IST payyolionline.in

മേപ്പയ്യൂര്‍ : കാണാതായ പ്രവാസി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ദീപക്കിന്റെ തിരോധാനത്തിനു പിന്നിലും സ്വര്‍ണക്കടത്ത് സംഘമാണോയെന്നു നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുല്‍ മുനീറിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.

അബുദാബിയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി ദീപക് ഒന്നര വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. തുണിക്കട നടത്തിയിരുന്ന ഇയാള്‍ ജൂണ്‍ മാസം ആറിനാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇടയ്ക്ക് ദൂരയാത്ര ചെയ്യാറുണ്ടെങ്കിലും ഇക്കുറി ഒരു മാസമായിട്ടും വിവരം ഇല്ലാതായതോടെയാണ് ജൂലൈ ഒന്‍പതിനു ബന്ധുക്കള്‍ മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ പരിശോധിച്ചു. മൃതദേഹത്തിന് ദീപക്കുമായി സാമ്യമുണ്ടായിരുന്നെങ്കിലും പലര്‍ക്കും സംശയമുണ്ടായിരുന്നു.

തിരിച്ചറിയില്‍ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹം വിട്ടുനല്‍കിയെങ്കിലും സംശയമുള്ളതിനാല്‍ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തിയതാണ് മരിച്ചത് ദീപക് അല്ലെന്ന് തിരിച്ചറിയാന്‍ കാരണം. എങ്കിലും അതിനുമുന്‍പ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു.

സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞതോടെ ദീപക്കിനെ കണ്ടെത്തേണ്ടത് ആ കേസിലും നിര്‍ണായകമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചത്. ദീപക്കും പ്രവാസിയായിരുന്നു എന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. ദീപക്കിന്റെ തിരോധാനത്തിന് പിന്നിലും സ്വര്‍ണക്കടത്ത് സംഘമാണോ എന്നതും പൊലീസിന്റെ മുന്‍പിലുള്ള പ്രധാന ചോദ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe