ഇടുക്കി: മുന്നാറില്‍ പലയിടങ്ങളിലും മഴ പെയ്യുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി ഉരുള്‍പൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനില്‍ നിന്നും മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്റി. മുന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടി ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങി.
പുതുക്കുടി ഡിവിഷനിലെ മുഴുവനാളുകളോടും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പലരും നിരസിച്ചത് വലിയ വെല്ലുവിളായിയിരുന്നു. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ലയങ്ങളിലുമെത്തി ആളുകളെ ഗൗരവം ബോധ്യപ്പെടുത്തി. ഈ രാത്രി എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലാകും കഴിയുക. പലര്‍ക്കും ദുരന്തത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.
ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടുകടകളും ഒരു അമ്പലവും മണ്ണിനടിയില്‍ ആയതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും നുറിലധികം പേര് താമസിക്കുന്ന ലയങ്ങളുടെ അടുത്തുവരെയെത്തി. ഉരുള്‍പൊട്ടലില്‍ നശിച്ച റോഡ് രണ്ടു ദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കാനാണ് പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇപ്പോഴും മുന്നാറിന്റെ പലയിടത്തും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത്.