മുക്കത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പരിശോധന: ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ വാക്കേറ്റം

news image
May 25, 2023, 12:58 pm GMT+0000 payyolionline.in

മുക്കം: മുക്കത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെയും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വ്യാപാരികൾ തടഞ്ഞതായി പരാതി.  ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, മറ്റു നിരോധിത ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തിയവരെ തടസ്സപ്പെടുത്തിയതായാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അനിൽകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരുടെ പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തി. ഇന്ന് 10 മണിക്ക് ഉദ്യോഗസ്ഥരെയും വ്യാപാരി നേതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ചർച്ചയിൽ ഉചിതമായ തീരുമാനം കൈകൊള്ളാമെന്ന ധാരണയിലാണ് വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേ സമയം, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പേരിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.അലി അക്ബർ, ജനറൽ സെക്രട്ടറി അനീഷ് ഇന്റിമേറ്റ് എന്നിവർ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. പ്ലാസ്റ്റിക് ഉൽപാദന മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്താതെ ടൺ കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.

പ്ലാസ്റ്റിക് കവറുകൾ വരുന്നത് തടയാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് അനുവദിക്കില്ല. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞിട്ടില്ല. കൃത്യനിർവഹണവും തടസ്സപ്പെടുത്തിയില്ല. വ്യാപാരികളുടെ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. തങ്ങളുടെ ചെറുത്തുനിൽപ് മാത്രമായിരുന്നുവെന്നും വ്യാപാരികൾ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe