മസാല ബോണ്ട് കേസിൽ ഐസക്കിന് നിർണായക പങ്കുണ്ട്: മിനുട്‌സ് പുറത്ത് വിട്ട് ഇഡി

news image
Jan 24, 2024, 2:45 pm GMT+0000 payyolionline.in

കൊച്ചി: മസാല ബോണ്ട് കേസിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്സ് രേഖകൾ പുറത്തുവന്നിട്ടുണ്ട്.

 

സംസ്ഥാന സര്‍ക്കാരിന് പുറത്തുള്ള ആളുകൾ മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടര്‍ ബോര്‍ഡിൽ ഉണ്ടായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തിൽ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോൾ, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാൽ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിര്‍ണായക റോൾ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തിൽ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു. കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. പത്ത് മാസമായി കിഫ്ബിയടക്കം എതിർകക്ഷികൾ  അന്വേഷണത്തോട് സഹകരിക്കുന്നില്ല. എതിർ കക്ഷികൾ മനപൂർവം നിസഹകരിക്കുകയാണ്. കേസിൽ സമൻസ് അയക്കുന്നത് നടപടിക്രമം മാത്രമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല. സമൻസ് കിട്ടുന്നയാൾ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുളള വിവര ശേഖരണത്തിനാണ് സമൻസ് നൽകുന്നത്. സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി പറയുന്നു. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയിലാണ് ഇ ഡിയുടെ മറുപടി. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇഡിക്ക് മുൻപാകെ ഹാജരാകാൻ കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe