മഴ തുടരുന്നു; കൊല്ലത്തും തൃശ്ശൂരില്‍ മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടു

news image
Aug 1, 2022, 9:15 pm IST payyolionline.in

കൊല്ലം/ തൃശ്ശൂര്‍: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അഞ്ചാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിര്‍ദ്ദേശം. ട്രോളിംഗ് നിരോധനം അവസാനിച്ചതിനാൽ ഇന്നലെ രാതി മുതൽ കടലില്‍ പോയ ബോട്ടുകളും, വളളങ്ങളും തിരിച്ച് വരുകയാണ്. അതിനിടെ, കൊല്ലത്തും തൃശ്ശൂരില്‍ മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെട്ടു.

കൊല്ലം നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട ബോട്ടിലെ നാല് മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളി ഇവരെ രക്ഷിച്ചു. അഴീക്കലിലും സമാനമായ അപകടം ഉണ്ടായി. അഴീക്കല്‍ തുറമുഖത്ത് ബോട്ടിൽ നിന്ന് തെറിച്ച് കടലിൽ വീണവർ നീന്തി രക്ഷപെട്ടു. ചേറ്റുവയിൽ നിന്ന് മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികളാണ് ശക്തമായ തിരയിൽ കടലിൽ വീണത്.

തൃശ്ശൂർ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് ആറ് പേർ കടലിൽ വീണു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപാണ് അപകടം ഉണ്ടായത്. സന്തോഷ്‌, മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വർഗീസ്, സെല്ലസ്, സുനിൽ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ തുടങ്ങിയെങ്കിലും ശക്തമായ തിരമാല കാരണം തടസ്സപ്പെട്ടു. കോസ്റ്റ് ഗാർഡിന്‍റെ ബോട്ടും ഇറക്കാനാകുന്നില്ല. വലിയ ബോട്ട് എത്തിച്ച് തെരച്ചിൽ നടത്താനാണ് കോസ്റ്റൽ പോലീസിന്‍റെ തീരുമാനം.

അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe