മലയാളി മാധ്യമപ്രവർത്തകയുടെ കൊലപാതകം: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി പിന്നീട്

news image
Oct 18, 2023, 2:03 pm GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. 2008 സെപ്റ്റംബർ 30നാണ് സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ 13നു വാദം പൂർത്തിയായ ശേഷം വിധി പറയാനായി അഡിഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

2009 മാർച്ചിലാണ് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ‍ഡൽഹി എൻസിആറിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302, 34 വകുപ്പുകളുമാണു പ്രതികളുടെ മേൽ ചുമത്തിയത്.

ഡൽഹി വസന്ത്കുഞ്ചിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ– മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ഡൽഹി കാർമൽ സ്കൂളിലും ജീസസ് ആൻഡ് മേരി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമ്യ ദ് പയനിയർ പത്രത്തിലും സിഎൻഎൻ–ഐബിഎൻ ടിവിയിലും പ്രവർത്തിച്ചിരുന്നു. ഹെഡ്‌ലൈൻസ് ടുഡേയിൽ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു മരണം. ശുഭ വിശ്വനാഥനാണ് സഹോദരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe