മലപ്പുറത്ത് 36 കാരന്‍റെ മരണം ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ഉടൻ

news image
Nov 20, 2023, 6:36 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം അരീക്കോട് പനമ്പിലാവിലെ തോമസെന്ന യുവാവിന്‍റെ മരണത്തിൽ അതീവ ദുരൂഹത. മൃതദേഹം കല്ലറയിൽ നിന്ന് ഉടൻ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. 36 കാരനായ തോമസിന്‍റെ മരണത്തിൽ വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അരീക്കോട് പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്. 

ഈ മാസം നാലിനായിരുന്നു ലോറി ഡ്രൈവറായിരുന്ന തോമസ് മരിച്ചത്. പുലർച്ചെ 6 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. എന്നാൽ, സുഹൃത്തുക്കളുടെ മർദ്ദനമേറ്റാണ് മരിച്ചതെന്ന സംശയം ബന്ധുക്കൾക്ക് ഉണ്ടാകുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

നാല് ദിവസം മുമ്പ്, സമീപത്തെ വീട്ടിൽ ഒരു മരണാനന്തര ചടങ്ങ് നടന്നിരുന്നു. അവിടെവെച്ച് തോമസും സുഹൃത്തുക്കളും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കമുണ്ടായി. അന്ന് രാത്രി സുഹൃത്തുക്കളായ നാല് പേർ തോമസിന്‍റെ വീടിന് സമീപമെത്തി അസഭ്യം പറഞ്ഞു. ഇത് ചോദിക്കാൻ തോമസും ചെന്നു. വലിയ ഒച്ച കേട്ട് വീട്ടുകാർ ഇറങ്ങി ചെല്ലുമ്പോൾ തോമസ് നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. അന്നുണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് വീട്ടുകാർ സംശയിക്കുന്നു. തോമസിന്‍റെ ശരീരത്തിൽ പലയിടത്ത് ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് വീട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe