മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്മെന്‍റോടെ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി

news image
May 25, 2024, 5:40 am GMT+0000 payyolionline.in

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്. മലപ്പുറത്ത് പ്ലസ് വൺ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. ബാർ കോഴ ആരോപമം പടച്ചുണ്ടാക്കിയ നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വിഡി സതീശൻ്റെ പക്കലാണ്. അദ്ദേഹത്തിൻ്റെ വീട് പരിശോധിക്കണം. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയർത്തുന്നവരാണ്. പഴയ ബാർ കോഴ പോലെയല്ല പുതിയതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe