മലപ്പുറത്തെ സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലി; ലീഗിനെയും ആര്യാടൻ ഷൗക്കത്തിനെയും സ്വാഗതം ചെയ്ത് ജില്ല നേതൃത്വം

news image
Nov 15, 2023, 5:12 am GMT+0000 payyolionline.in

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിലേക്ക് മുസ്ലീം ലീഗ് അണികളെ സ്വാഗതം ചെയ്ത് സിപിഎം. മറ്റന്നാൾ നടക്കുന്ന റാലിയില്‍ ലീഗ് അണികളും പ്രാദേശിക നേതാക്കളും പങ്കെടുക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ആര്യാടന്‍ ഷൗക്കത്തിന് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെയും  റാലിയില്‍ പങ്കെടുപ്പിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി വന്‍ വിജയമായെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് മലപ്പുറത്തും വിപുലമായ രീതിയില്‍ റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ ക്ഷണിച്ചതിനെത്തുടര്‍ന്ന് യുഡിഎഫിലുണ്ടായ ആശയക്കുഴപ്പം രാഷ്ട്രീയമായി ഗുണം ചെയ്തെന്ന വിലയിരുത്തിലിലാണ് സിപിഎം.

മലപ്പുറത്ത് നടത്തുന്ന റാലിയില്‍ ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി ക്ഷണിക്കുന്നില്ലെങ്കിലും അണികളുടേയും നേതാക്കളുടേയും മനസ് ഒപ്പമുണ്ടെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വുമായി അകലം പാലിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന്‍റേ അനുയായികളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.പലസ്തീന്‍ വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാടുള്ളതിനാല്‍ കോണ്‍ഗ്രസിനെ റാലിയിലേക്ക് ക്ഷണിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎം പക്ഷേ ആര്യാടന്‍ ഷൗക്കത്ത് വരാന്‍ തയ്യാറായാല്‍ പങ്കെടുപ്പിക്കുമെന്ന നിലപാടിലാണ്. റാലിയില്‍ ഇകെ വിഭാഗം സമസ്തയുള്‍പ്പെടെയുള്ള മുസ്ലീം സംഘടന കളേയും ക്രൈസ്തവ സഭാ പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മലപ്പുറം ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക. പി ബി അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe