മധ്യപ്രദേശിൽ പബ്ബിൽ വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്

news image
Sep 19, 2022, 3:33 pm GMT+0000 payyolionline.in

ഭോപ്പാൽ: മധ്യപ്രദേശിൽ പബ്ബിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്ക്. ഇൻഡോർ നഗരത്തിലെ വിജയ് നഗറിലാണ് സംഭവം. പ്രവർത്തന സമയം അവസാനിച്ചതിന് ശേഷം പബ്ബിലേക്ക് എത്തിയവർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. പബ്ബ് ഉടമ പിയൂഷ് പൻവാർ, സുഹൃത്ത് രാഹുൽ സിങ് ചൗഹാൻ എന്നിവർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സോമി എന്ന സോണി യാദവും ഇയാളുടെ സുഹൃത്തുമാണ് ആക്രമണം നടത്തിയതെന്ന് എ.സി.പി ഭൂപീന്ദർ സിങ് പറഞ്ഞു.

‘പബ്ബ് അടച്ച ശേഷം പീയൂഷും രാഹുലും പുറത്ത് നിൽക്കുകയായിരുന്നു. ഇൗ സമയം സോണി യാദവ് ഒരു വെളുത്ത എസ്‌.യു.വിയിൽ സുഹൃത്തിനൊപ്പം അവിടെയെത്തി വീണ്ടും പബ്ബ് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പീയുഷ് ഇത് നിരസിച്ചു. ഇൻഡോറിൽ രാത്രി 11 മണിക്ക് ശേഷം ബാറുകളും പബ്ബുകളും തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പബ്ബ് തുറക്കാൻ വീണ്ടും പറഞ്ഞെങ്കിലും തുറക്കാൻ സാധ്യമല്ലെന്ന് ഉടമ ആവർത്തിച്ചതോടെ സോണി ഇയാളുടെ സ്ത്രീ സുഹൃത്തിനെ ഫോണിൽ വിളിച്ച് പീയൂഷിനെ സ്വാധീനിക്കാൻ ശ്രമിച്ചു. ആർക്കും പ്രവേശനം നൽകില്ലെന്ന് പറഞ്ഞ് ഉടമ കോൾ കട്ട് ചെയ്തു.

ഇതിൽ പ്രകോപിതനായ സോണി കൈവശം ഉണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് അഞ്ച് തവണ വെടിയുതിർത്തു. തുടർന്ന് പ്രതികൾ കാറിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ പിയൂഷിനും രാഹുലിനും നേരെ വീണ്ടും നിരവധി തവണ വെടിയുതിർത്തു. രണ്ട് പേർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സമീപത്ത് നിന്ന നാട്ടുകാരെ ഭീഷണിപ്പെടുത്താൻ പ്രതികൾ ആകാശത്തേക്കും വെടിയുതിർത്തു’ – എ.സി.പി വ്യക്തമാക്കി.

പരിക്കേറ്റ ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിയൂഷിന്റെ കാലിൽ നിന്ന് മൂന്ന് വെടിയുണ്ടകളും രാഹുലിന്‍റെ ശരീരത്തിൽ നിന്ന് ഒരു വെടിയുണ്ടയും പുറത്തെടുത്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് 32 ബുള്ളറ്റ് കേസിങുകൾ കണ്ടെടുത്തു. അന്വേഷണത്തിനിടെ, നഗരത്തിലെ മഹാലക്ഷ്മി നഗറിലെ ഒരു പരിചയക്കാരന്റെ വീട്ടിൽ എസ്‌.യു.വി പാർക്ക് ചെയ്ത് രണ്ട് പ്രതികളും രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

വിരമിച്ച ലോകായുക്ത ഡി.എസ്.പിയുടെ അനന്തരവനാണ് പ്രതി സോണിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് പോയ പ്രതി പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് വാഹനം പാർക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് എക്‌സൈസ് സംഘവും പബ്ബിൽ പരിശോധന നടത്തിയതായി വിജയ് നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രവീന്ദ്ര ഗുർജാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe