മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി, അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

news image
Jul 31, 2022, 4:05 pm IST payyolionline.in

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരം മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

മധുവിനെ ആൾക്കൂട്ടം ആക്രമിച്ച്  കൊലപ്പെടുത്തിയെന്നാണ് കേസ്.  കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രതികൾക്ക് വേണ്ടി പ്രദേശവാസിയായ അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസ് പിൻവലിച്ചാൽ പുതിയ വീട് കെട്ടിത്തരാമെന്ന വാഗ്ദാനവും ഇയാൾ മുന്നോട്ട് വെച്ചിരുന്നു. ഭീഷണി കാരണം സഹികെട്ട്  താമസം പോലും  മാറേണ്ട സാഹചര്യമാണ് മധുവിന്റെ കുടുംബത്തിനുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ ഇന്നലെ ഉത്തരവിട്ടത്.

122 സാക്ഷികളുള്ള കേസിൽ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും കൂറുമാറ്റം തടയാൻ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷൻ സാക്ഷികളെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിയും പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe