മദ്യവില തൽക്കാലം ഉയരില്ലെന്ന് ബവ്കോ; ചർച്ച നടന്നത് 10 പൈസ കൂട്ടാൻ, വർധിച്ചത് 10 രൂപ

news image
Feb 5, 2024, 10:13 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും തൽക്കാലം മദ്യവില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷൻ. ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ ലീറ്ററിനു 0.05 പൈസ ആണ് ഗാലനേജ് ഫീസ്. 10 രൂപ വർധിപ്പിച്ചതോടെ ഒരു കേയ്സ് മദ്യത്തിന് 90 രൂപ ബവ്റിജസ് കോർപറേഷൻ സർക്കാരിന് നികുതിയായി നൽകേണ്ടിവരും. ഒരു കേയ്സിൽ 9 ലീറ്റർ മദ്യമാണുള്ളത്. നികുതി വർധനവിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബവ്റിജസ് കോർപറേഷൻ നിരക്കു വർധന ആവശ്യപ്പെടാനിടയുള്ളൂ. ഇത് സർക്കാർ അംഗീകരിക്കണം. ലീറ്ററിനു 10 പൈസ ഗാലനേജ് ഫീസ് കൂട്ടാനാണ് നേരത്തെ ചർച്ചകൾ നടന്നതെന്ന് ബവ്റിജസ് കോർപറേഷൻ അധിക‍ൃതർ പറഞ്ഞു. ഭാവിയില്‍ സാമ്പത്തികബാധ്യത രൂക്ഷമായാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

∙ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതിഘടന

മദ്യത്തിന്റെ അടിസ്ഥാനവിലയോടൊപ്പം (കമ്പനി ഉൽപ്പാദിപ്പിക്കുന്ന വില) എക്സൈസ് ഡ്യൂട്ടി ചേർക്കും. പ്രൂഫ് ലീറ്ററിന് 53 രൂപ മുതൽ 237 രൂപവരെയാണ് വിവിധ വിലയിലുള്ള മദ്യത്തിന് എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. 9 ലീറ്റർ മദ്യത്തിൽ 6.75 ആണ് പ്രൂഫ് ലീറ്റർ (മദ്യത്തിലെ ആൽക്കഹോൾ കണ്ടന്റ്).

ഇതിനോടൊപ്പം 14% വെയർഹൗസ് മാർജിനും 20% ഷോപ്പ് മാർജിനും ഈടാക്കും. ഒരു കേയ്സിന് 11 രൂപയാണ് ലേബലിങ് ചാർജ്. ഇതെല്ലാം കഴിഞ്ഞ് വിൽപ്പന നികുതിയുമുണ്ട്. 400രൂപ അടിസ്ഥാനവിലയുള്ള മദ്യത്തിന് 246% ആണ് വിൽപ്പന നികുതി. 400ന് മുകളിലാണെങ്കിൽ 251%. കേരളത്തിൽ 400രൂപയ്ക്ക് താഴെ കേയ്സിന് അടിസ്ഥാനവിലയുള്ള മദ്യം നിലവിൽ വിൽക്കുന്നില്ല.

ഉദാഹരണത്തിന്, 600 രൂപ കേയ്സിനു വിലയുള്ള മദ്യത്തിന് ഒരു പ്രൂഫ് ലീറ്ററിന്റെ എക്സൈസ് ഡ്യൂട്ടി 141 രൂപയാണ്. ഇതിനെ 6.75 കൊണ്ട് ഗുണിച്ചാൽ എക്സൈസ് ഡ്യൂട്ടി 951രൂപയാകും. 600രൂപയിൽ 951 രൂപ കൂട്ടിയാൽ 1551 രൂപ. 11 രൂപ ലേബലിങ് ചാർജ് ചേർത്താൽ 1562. വെയർഹൗസ് മാർജിൻ 11% ചേരുമ്പോൾ (218രൂപ) 1781 രൂപയാകും. 20% ഷോപ്പ് മാർജിൻ ചേരുമ്പോൾ (356രൂപ) 2137 രൂപയാകും. ഇതിന്റെ കൂടെ 251% വില്‍പ്പന നികുതി കൂടിയാകുമ്പോൾ വില 7503 രൂപയാകും. ഒരു കേയ്സിൽ ലീറ്ററിന്റെ 9 കുപ്പിയുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു ലീറ്ററിന്റെ വില 833 രൂപ. 750 എംഎൽ കുപ്പിയാണെങ്കിൽ ഒരു കേയ്സിൽ 12 എണ്ണം ഉണ്ടാകും. ഒരു കുപ്പിയുടെ വില 625രൂപ. ബിവറജസ് കോർപറേഷന് ഒരു ലീറ്റർ ജവാൻ മദ്യം കിട്ടുന്നത് 51.11രൂപയ്ക്കാണ്. ഇത്രയും നികുതി ചേരുമ്പോഴാണ് ഒരു ലീറ്റർ കുപ്പിക്ക് 640 രൂപയാകുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe