മങ്കിപോക്‌‌സ്‌ സംസ്ഥാനത്ത്‌ ആശങ്കയില്ല: മന്ത്രി വീണാ ജോർജ്

news image
Jul 25, 2022, 4:48 pm IST payyolionline.in

കണ്ണൂർ: മങ്കിപോക്‌സിൽ സംസ്ഥാനത്ത്‌ ആശങ്കയില്ലെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്‌. കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ നിലവിൽ മൂന്ന്‌ പേർക്കാണ്‌ മങ്കി പോക്‌സ്‌ സ്ഥിരീകരിച്ചത്‌. മൂന്നു പേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്‌. 21ദിവസമാണ്‌ ഇവരുടെ നിരീക്ഷണകലാവധി. സമ്പർക്ക പട്ടികയിലുള്ളവരെല്ലാം നിലവിൽ നെഗറ്റീവാണ്‌. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണ്‌.

 

 

യുകെ, യുഎസ്‌എ എന്നിവിടങ്ങളിൽ മങ്കി പോക്‌സ്‌ വ്യാപനം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ തന്നെ സംസ്ഥാനത്തും കടുത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ പോസിറ്റീവായ മൂന്നു പേർക്കും മങ്കിപോക്‌സ്‌ ഗുരുതരമല്ല. വ്യാപനവും മരണനിരക്കും കുറഞ്ഞ വൈറസാണ്‌ ഇവർക്ക്‌ ബാധിച്ചത്‌. എന്നാലും നിരീക്ഷണം കർശനമാണ്‌. ഇവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെയും സമ്പർക്കത്തിലായ കുടുംബാംഗങ്ങളുടെയും സാംപിളുകൾ നിശ്‌ചിത ദിവസ ഇടവേളകളിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe