ഭക്ഷണത്തിൽ ഡ്രൈവർ രാസവസ്തു കലർത്തി സരിതയെ അപായപ്പെടുത്താൻ നീക്കം ; ശരീരത്തിൽ ആഴ്‌സനിക്‌, മെർക്കുറി, ലെഡ്‌ എന്നിവയുടെ അംശം

news image
Nov 25, 2022, 3:42 am GMT+0000 payyolionline.in

 

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ്‌ നായരെ ഭക്ഷണത്തിൽ പലപ്പോഴായി രാസവസ്തു കലർത്തി കൊല്ലാൻ ശ്രമം. മറ്റാരുടെയോ നിർദേശപ്രകാരം മുൻ ഡ്രൈവർ വിനുകുമാറാണ്‌ രാസവസ്തു കലർത്തിയത്‌. പണം വാങ്ങി ചെയ്‌തതാണെന്നാണ്‌ നിഗമനം. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തിരിച്ചറിയാത്ത ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്‌. സരിത ഗുരുതര രോഗബാധിതയായി ചികിത്സതേടിയപ്പോഴാണ്‌ വിവരം പുറത്തറിഞ്ഞത്‌. ചെറിയ അളവിൽ വിഷം കലർത്തി പതിയെ മരണത്തിലേക്കെത്തിക്കാനായിരുന്നു നീക്കം. രക്തത്തിൽ അമിത അളവിൽ ആഴ്‌സനിക്‌, മെർക്കുറി, ലെഡ്‌ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

 

മരണംവരെ സംഭവിക്കാവുന്ന അവസ്ഥയിലാണ്‌ സരിതയുള്ളതെന്നും എഫ്‌ഐആറിൽ പറയുന്നു. 2018 മുതലാണ്‌ കൊലപാതകശ്രമം ആരംഭിച്ചത്‌. രോഗം ഗുരുതരമായതോടെ പലവട്ടം കീമോ തെറാപ്പിയടക്കം നടത്തി. സിബിഐക്ക് മൊഴി നൽകി മടങ്ങുമ്പോൾ കരമനയിലെ ഒരു കൂൾബാറിൽ വച്ച്‌ വിനുകുമാർ ജ്യൂസിൽ എന്തോ പൊടി കലർത്തി. അന്നത്‌ കുടിച്ചില്ല. പീഡനക്കേസിൽ പ്രതിയായ ചിലരുമായി വിനുകുമാർ ഫോണിലൂടെയും നേരിട്ടും ഗൂഢാലോചന നടത്തിയിരുന്നതായും സരിതയുടെ മൊഴിയിലുണ്ട്‌.

അന്വേഷണത്തിന്റെ ഭാഗമായി വിനു കുമാറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴി പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കേസിൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കൂ എന്നതിനാൽ മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അന്വേഷകസംഘം. വിനുകുമാറിന്റെ ഫോൺ രേഖകളും ക്രൈംബ്രാഞ്ച് എസ്‌പി സുനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കും

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe