ബ്രൂവറി അനുമതി: തർക്ക ഹർജി സമർപ്പിക്കാൻ വിജിലൻസിനു കോടതിയുടെ നിർദേശം

news image
May 21, 2022, 2:27 pm IST payyolionline.in

തിരുവനന്തപുരം : ബ്രൂവറികൾക്ക് അനുമതി നൽകിയ സർക്കാർ ഫയലുകൾ ഹാജരാക്കാൻ തർക്കം ഉണ്ടെങ്കിൽ, തർക്ക ഹർജി സമർപ്പിക്കാൻ വിജിലൻസിനു കോടതിയുടെ കർശന നിർദേശം. കേസ് അടുത്തമാസം 10ന് പരിഗണിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി നിർദേശം. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്.

ബ്രൂവറിക്കു ലൈസൻസ് നൽകിയ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലും കേസിന്റെ പ്രാരംഭവാദം നടക്കുന്ന ഘട്ടമായതിനാലും ഫയലുകൾ ഇപ്പോൾ ഹാജരാക്കേണ്ടതില്ലെന്നാണ് വിജിലൻസ് നിലപാട്.

ചെന്നിത്തലയുടെ ഹർജിയിൽ ഉത്തരവ് നൽകിയാൽ മാത്രമേ കോടതിക്കു കേസിന്റെ തുടർ നടപടികളിലേക്കു കടക്കാൻ കഴിയൂ. മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അഭിഭാഷകൻ കോടതിയിൽ ഇന്ന് ഹാജരായി. വ്യവസായ വകുപ്പിന്റെ സ്ഥലങ്ങളാണ് ബ്രൂവറിക്കായി നൽകാൻ തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ, എക്‌സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി–ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe