ഫോട്ടോ സെഷനിടെ പിന്നിലൂടെ വന്ന് മോദിയെ തട്ടിവിളിച്ച് ബൈഡൻ; വിഡിയോ വൈറൽ

news image
Jun 28, 2022, 1:28 pm IST payyolionline.in

ജർമനി : വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയിൽ മറ്റു നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറൽ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുന്ന മോദിയുടെ സമീപത്തേക്ക് പിന്നിലൂടെ നടന്നെത്തിയ ബൈഡൻ, തോളിൽത്തട്ടുന്നത് വിഡിയോയിൽ കാണാം. പെട്ടെന്നുതന്നെ തിരിഞ്ഞുനോക്കിയ മോദി, ബൈഡന് ഹസ്തദാനം നൽകിയശേഷം കുശലാന്വേഷണം നടത്തുന്നതാണ് വിഡിയോ.

നേരത്തെ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. പിന്നീട് ഫോട്ടോ സെഷനു മുൻപാണ് മോദിയുടെ അടുത്തേക്കു വന്ന ജോ ബൈഡൻ ഹസ്തദാനം ചെയ്തു കുശലാന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം ജപ്പാനിൽ ക്വാഡ് ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ചർച്ച നടത്തി. മറ്റു രാഷ്ട്രനേതാക്കളുമായുള്ള ചർച്ചകൾ പിന്നീടാണു നടക്കുക. യുഎസ്, യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7. ഇന്ത്യയ്ക്കു പുറമേ അർജന്റീന, ഇന്തൊനീഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe