പ്രതിസന്ധി രൂക്ഷമായി ഗാസ ; ജീവകാരുണ്യ സഹായവും മുടക്കുന്നു

news image
Jan 29, 2024, 7:10 am GMT+0000 payyolionline.in
ഗാസ സിറ്റി: ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കിടെ അവശേഷിക്കുന്ന ജീവകാരുണ്യ സഹായം പോലും നിലക്കുമെന്ന ആശങ്കയിൽ ഗാസ. ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥികൾക്ക്‌ സഹായമെത്തിക്കുന്ന യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്കുള്ള ധനസഹായം ബ്രിട്ടൻ നിർത്തി. ഒക്‌ടോബർ ഏഴിന്‌ ഹമാസ് നടത്തിയ ആക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന ഇസ്രയേൽ ആരോപണത്തിന്‌ പിന്നാലെയാണ്‌ ധനസഹായം നിർത്തൽ. വിഷയത്തിൽ ഏജൻസി അന്വേഷണം നടന്നുവരികയാണ്‌. ഗാസയെ പ്രതിസന്ധിയിലാക്കുന്നതാണ്‌ തീരുമാനം. നേരത്തേ അമേരിക്ക, ഓസ്‌ട്രേലിയ, ഇറ്റലി, ക്യാനഡ, ഫിൻലാൻഡ്‌, നെതർലാൻഡ്, ജർമനി, സ്വിറ്റ്‌സർലാൻഡ്‌ എന്നീ രാജ്യങ്ങളും ഫണ്ട്‌ നൽകുന്നത്‌ നിർത്തിയിരുന്നു.

പലസ്തീന് പ്രധാനമായും സഹായമെത്തിക്കുന്ന ഏജൻസിക്കുള്ള ധനസഹായം നിലക്കുന്നതോടെ ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിച്ചു. 2022ലെ കണക്കുകൾ പ്രകാരം ഏജൻസിക്ക്‌ ലഭിക്കുന്ന ധനസഹായത്തിൽ പകുതിയിലധികം നൽകുന്നത്‌ ഈ രാജ്യങ്ങളാണ്‌. ഗാസയിലെ 23 ലക്ഷം ആളുകളിൽ 20 ലക്ഷം പേരും ഏജൻസിയെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. ഏജൻസിക്കുള്ള ഫണ്ട് നിർത്താനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്ന്‌ കമീഷണർ ജനറൽ ഫിലിപ്പി ലാസ്സറിനി പ്രതികരിച്ചു. പലസ്‌തീൻ ജനതയ്ക്കുമേലുള്ള സംഘടിത ശിക്ഷയാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. ധനസഹായം പുനരാരംഭിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന 12 ജീവനക്കാരിൽ ഒമ്പത് പേരെ ഉടൻ പിരിച്ചുവിട്ടു. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരെ ഇനിയും തിരിച്ചറിയാനുണ്ട്‌. ഇവർക്കെതിരെ ക്രിമിനൽ കേസ്‌ ഉൾപ്പെടെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

165 പേർ കൂടി 
കൊല്ലപ്പെട്ടു ;
 കൂട്ടക്കൊല 
തുടർന്ന്‌ ഇസ്രയേൽ
ഗാസയിൽ വംശഹത്യ തടയണമെന്ന അന്താരാഷ്‌ട്ര നീതി ന്യായ കോടതി ഉത്തരവിന്‌ ചെവികൊള്ളാതെ ഇസ്രയേൽ. 24 മണിക്കൂറിനിടെ 165 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26,422 ആയി. ഖാൻ യൂനിസ് നഗരം മുഴുവനും ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്നു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയുടെ മുറ്റത്ത് കൂട്ടക്കുഴിമാടം ഒരുക്കി 30 കുഞ്ഞുങ്ങളുടെ മൃതദേഹം സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം ഗാസയിൽ വെടിനിർത്തലിനായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന്‌ അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു. ബന്ദികളെ വിട്ടു നൽകുന്നതിനുപകരം രണ്ടുമാസത്തെ വെടിനിർത്തൽ കരാറിനായി ചർച്ചകൾ നടക്കുകയാണ്‌.

 

ഇതുസംബന്ധിച്ച്‌ സിഐഎ ഡയറക്ടർ ബിൽ ബേൺസ്, മൊസാദ് തലവൻ ഡേവിഡ് ബാർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവി അബ്ബാസ് കമൽ എന്നിവർ ഫ്രാൻസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്‌. എന്നാൽ, ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe