പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി കേരളത്തിലേക്ക്

news image
Aug 5, 2022, 5:45 pm IST payyolionline.in

ഇടുക്കി :  പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പൊൻമുടി റോഡിൽ കമ്പിമൂട് നിന്നും പനയ പൊൻമുടിയിലേക്ക്  പോകുന്ന വഴിയിലാണ് ഇന്ന് രാവിലെ മണ്ണിടിഞ്ഞത്. പുതുക്കാട് എസ് സ്റ്റേറ്റിന് സമീപമാണ് മണ്ണിടിച്ചിൽ. മണ്ണും കല്ലും പാറയും നിറഞ്ഞ അവസ്ഥയിലാണ് റോഡ്. പുതുക്കാട് എസ്റ്റേറ്റിലെ ലയങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പൊലീസ് സംഘം സ്ഥലത്ത് ഉണ്ടെങ്കിലും ഫയർഫോഴ്സിന് ഇവിടേക്ക് എത്താനായിട്ടില്ല. ലയങ്ങളിൽ താമസിക്കുന്നവരെ മറ്റ് ചെറിയ വഴികളിലൂടെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണ്.

ദുരന്ത നിവാരണപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി രണ്ട് എൻ ഡി ആർ എഫ് സംഘങ്ങൾ കൂടി കേരളത്തിലേക്ക്. സംസ്ഥാന സർക്കാർ എത്തിച്ച കെ എസ് ആർ ടി സി ബസിൽ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. ഇരുപത്തുയൊന്നുപേർ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാകും എത്തുക. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. പലയിടത്തുനിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

മുൻ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയിലാണ് ഇത്തവണ സംസ്ഥാന സർക്കാരും ഡാം മാനേജ്‌മെന്റും. പല ഡാമുകളും തുറക്കേണ്ടി വന്നുവെങ്കിലും എവിടെയും പ്രളയ സാധ്യതയോ അപകടഭീതിയോ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ അഞ്ച് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്.

ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടൻ തുറക്കില്ലെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്. എന്നാൽ ജലനിരപ്പ് വീണ്ടും കൂടിയതോടെ നാല് ഷട്ടറുകൾ ഉയർത്തുകയായിരുന്നു.

തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകളും ഇന്ന് തുറന്നു. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം  നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe