പൊലീസിനെ ആക്രമിക്കാന്‍ ശ്രമം, ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസ് പ്രതികള്‍ക്ക് നേരെ വെടിവെപ്പ്

news image
Jan 15, 2023, 11:25 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്‍നാട് ശ്രീപെരുമ്പത്തൂരിൽ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ്. ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവെച്ച് പ്രതികളെ പൊലീസ് കീഴ്‍പ്പെടുത്തി. നിരവധി പീഡന കേസുകളിലെ പ്രതികളാണ് ഇരുവരും.

 


അതേസമയം കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് പരിക്കേറ്റു.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ഒപ്പം പഠിക്കുന്ന ആണ്‍ സുഹൃത്തുമൊന്നിച്ച് ബെംഗളുരു–പുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടര്‍ റിങ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്ത് പെൺകുട്ടി എത്തിയത്. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്ന സംഘം ഇരുവരെയും വളഞ്ഞു. ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഘത്തിന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ കാഞ്ചീപുരം‍ സെവിലിമേട് സ്വദേശികളായ മണികണ്ഠന്‍, വിമല്‍കുമാര്‍, വിഗ്നേഷ്, ശിവകുമാര്‍, തെന്നരസ് എന്നിവരെ ഇന്നലെ രാത്രിപൊലീസ് പിടികൂടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe