പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസ്; പ്രധാന പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

news image
May 25, 2023, 7:08 am GMT+0000 payyolionline.in

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി നാരായണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. പത്തനംതിട്ട സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നാരായണൻ ഇപ്പോഴും ഒളിവിലാണ്.

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്നതിനെ തുടർന്ന് അങ്ങോട്ടുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി ഉത്തരവിറങ്ങിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പല മേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിർദേശം. പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെ മൂഴിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തത്. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ അറസ്റ്റിലായിരുന്നു. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe