പൂരത്തിൽ അലിഞ്ഞ് തൃശൂർ, ഇലഞ്ഞിത്തറയിൽ താളമേള വിസ്മയവുമായി അനിയൻ മാരാരും സംഘവും; കുടമാറ്റത്തിനായി കാത്തിരിപ്പ്

news image
Apr 19, 2024, 11:28 am GMT+0000 payyolionline.in

തൃശൂര്‍: പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകുകയാണ് തൃശൂരിലെ തേക്കിൻകാട് മൈതാനം. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. തൃശ്ശൂര്‍ പൂരത്തിന്‍റെ നിറപകിട്ടാര്‍ന്ന കുടമാറ്റമാണ് ഇനി. ഇലഞ്ഞിത്തറ മേളത്തിനുശേഷം വൈകിട്ട് 5.30ഓടെയാണ് ഏവരും കാത്തിരിക്കുന്ന കുടമാറ്റം നടക്കുക. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്.

കുടമാറ്റം കാണുന്നതിനായി ഇതിനോടകം തന്നെ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുമ്പിലായും തൃശൂര്‍ റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി ആളുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കുടമാറ്റം കാണാൻ നിരവധി വിദേശികളാണ് ഇത്തവണയും തൃശ്ശൂരിലെത്തിയിരിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക പവലിയനും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പവലിയനിൽ ഇത്തവ വിദേശികള്‍ക്ക് മാത്രമാണ് പ്രവേശനം.

 

കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമായത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിച്ചു. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും നടന്നു. ഇതിനുശേഷമാണ് ഇലഞ്ഞിത്തറമേളം ആരഭിച്ചത്. ലക്ഷങ്ങളാണ് പൂര നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

 

തൃശ്ശൂരില്‍ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ മണിക്കൂറുകളാണ് കടന്നുപോകുന്നത്. രാവിലെ ഏഴ് മണിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തിയത്. ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ് ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും ആരംഭിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe