പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കോൺഗ്രസ് നേതാവിന്റെയടക്കം 4.34 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

news image
Nov 13, 2023, 12:50 pm GMT+0000 payyolionline.in

കൽപ്പറ്റ: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെകെ എബ്രഹാമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്ടെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു കെകെ എബ്രഹാം. കസ്റ്റഡി അവസാനിച്ച നവംബർ 10 ന് കെകെ എബ്രഹാമിനെ പിഎംഎല്‍.എ കോടതിയില്‍ ഹാജരാക്കി . കോടതി 14 ദിവസത്തേക്ക് റിമാന്‍റ് നീട്ടുകയായിരുന്നു.

കേസിൽ മറ്റൊരു പ്രതിയായ   സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കിൽ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കേസ് . ഈ കേസില്‍ പൊലീസ് നേരത്തെ കെകെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇഡി കെകെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്.

തട്ടിപ്പില്‍ പത്ത് പേര്‍ക്കെതിരെ തലശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. തട്ടിപ്പിന് ഇരയായ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ  വ്യാപക പ്രഷേധം ഉയര്‍ന്നതും നിയമ നടപടികള്‍ തുടങ്ങിയതും. പൊലീസ് അറസ്റ്റ് ചെയ്തതോടെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം കെകെ എബ്രഹാം രാജിവെക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe