പയ്യോളി: പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ പുതിയ ഓഫീസ്
മീൻപെരിയ എരിപ്പറമ്പ് റോഡിലെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മജീഷ് കാരയാട് ഒരുക്കിയ ചടുലമായ നാട്ടുതാളത്തിന്റെ അന്തരീക്ഷത്തിൽ ഓഫീസിന്റെ വാതായനങ്ങൾ മുകളിലേക്കുയരുന്ന രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ജാതിമതഭേദമന്യേ അണിനിരന്ന സ്ത്രീകളുടെ വൻ പങ്കാളിത്തത്തോടെയുള്ള ജനക്കൂട്ടത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഉദ്ഘാടനത്തിനുശേഷം പ്രശസ്ത ഫോക്ക്ലോറിസ്റ്റ് കൂടിയായ മജീഷ് കാരയാട് നാട്ടുസംഗീതത്തിന്റെ അകമ്പടിയോടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.പ്രത്യേകം ഒരുക്കിയ ‘കുട്ടിക്യാൻവാസി’ൽ കുട്ടികളുടെ ചിത്രരചന നടന്നു.
പുൽക്കൊടിക്കൂട്ടം ചിത്രകല വിദ്യാലയത്തിലേക്കുള്ള രജിസ്ട്രേഷന് ഗയ പാർവതി നേതൃത്വം നൽകി.പരിപാടിയിൽ വെച്ച് മജീഷ് കാരയാട്, ബഹുമുഖ കലാകാരനായ ദിലീപ് കിഴൂര്‍, കുരുത്തോല ആർട്ടിസ്റ്റായ രവി നമ്പ്യേരി എന്നിവരെ യഥാക്രമം ശ്രീകല ശ്രീനിവാസൻ, ഗീതാ പ്രകാശൻ, അംബിക ഗിരിവാസൻ എന്നിവർ പൊന്നാടയും കുരുത്തോല തലപ്പാവും അണിയിച്ച് ആദരിച്ചു. തുടർന്ന് ദിലീപ് കീഴൂരിന്റെ പുൽക്കൊടി കൂട്ടം ജലസമര ഡോക്യുമെൻററിയും, എൻ.ഇ ഹരികുമാറിന്റെ ‘ഉറഞ്ഞാടുന്ന ദേശങ്ങൾ’ എന്ന ഡോക്യുമെൻററിയും ബ്രിജേഷ് പ്രതാപിന്റെ ബ്ലാക്ക്, യക്ഷി എന്നീ ചെറു സിനിമകളും പ്രദർശിപ്പിച്ചു. ജനങ്ങൾക്ക് വ്യക്തിപരവും സാമൂഹ്യപരവുമായ നീതികേടുകൾ പൊതു സമൂഹത്തിൽ എത്തിക്കാനുള്ള പുൽക്കൊടിക്കൂട്ടം കമ്മ്യൂണിക്കേഷൻ ബോക്സ് ചടങ്ങിൽ വെച്ച് വനിതാ വിഭാഗം ഭാരവാഹികൾ ഏറ്റുവാങ്ങി. പുൽക്കൊടിക്കൂട്ടം ചെയർമാൻ എം.സമദ് മോഡറേറ്റർ ആയിരുന്നു.