പുറക്കാട് എട്ടുവയസ്സുകാരന് ഭ്രാന്തൻ നായയുടെ കടിയേറ്റു; നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി

news image
Jul 30, 2022, 11:40 pm IST payyolionline.in

പയ്യോളി : പുറക്കാട് കിടഞ്ഞിക്കുന്നിൽ എട്ടു വയസ്സുകാരന് ഭ്രാന്തൻ നായയുടെ കടിയേറ്റു . പുറക്കാട് ഉണിച്ചാത്ത് വീട്ടിൽ മുനീറിൻ്റെ മകൻ മുഹമ്മദ് ഷയാനാണ് (8) വീട്ടുമുറ്റത്ത് നിൽക്കവെ ശരീരത്തിൻ്റെ പിൻഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ നായയുടെ കടിയേറ്റത്.ഉടൻ കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി കുത്തിവെപ്പ് നടത്തി.

കടിച്ച നായയെ ശനിയാഴ്ച രാവിലെയോടെ കിടഞ്ഞിക്കുന്ന് ഭാഗത്ത് വെച്ച് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.നായയെ
വയനാട്ടിലെ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്ന് നായക്ക് ഭ്രാന്തിളകിയതായി കണ്ടെത്തുകയായിരുന്നു . നേരത്തെ സ്കൂട്ടറിൽസഞ്ചരിക്കുകയായിരുന്ന യാത്രക്കാരന് നേരെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു . യാത്രക്കാരൻ സ്കൂട്ടർ നിർത്തി ഓടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു . തുടർന്ന് അരിശം പൂണ്ട നായ സ്കൂട്ടറിൻ്റെ സൈലൻസർ കടിച്ച് വലിച്ചതായി പറയുന്നു.

പുറക്കാട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. അതിരാവിലെയാണ് നായ്ക്കളുടെ ശല്യം രൂക്ഷം . രാവിലെ മദറസയിലും സ്കൂളുകളിലെ ട്യൂഷനും പോകുന്ന വിദ്യാർത്ഥികൾ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത് . വിദ്യാർത്ഥിയെ ഭ്രാന്തൻ നായ കടിച്ചതോടെ പ്രദേശത്തുകാർ ഏറെ ഭീതിയിലാണ്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് , വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ , വാർഡ് മെമ്പർ യു.കെ . സൗജത്ത് എന്നിവർ സ്ഥലത്തെത്തി ജാഗ്രത നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe