പുതുച്ചേരിയിൽ വാക്സീൻ  നിർബന്ധമാക്കി; വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി

news image
Dec 5, 2021, 12:20 pm IST payyolionline.in

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ  കൊവിഡ് വാക്സീൻ  നിർബന്ധമാക്കി. വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്.

രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീൻ നിർബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്. നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഇന്നലെ 28 പേർക്കാണ് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ1,29,056 പേർക്ക് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഗുജറാത്തിലെ ജാംഗനറിൽ രോഗം സ്ഥിരീകരിച്ച 72 കാരന്‍റെ സമ്പർക്ക പട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും. എന്നാൽ കൂടുതൽ പേർ സമ്പർക്കത്തിലുണ്ടായിരുന്നെന്നും ഇവര കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ദുബായിൽ  നിന്നും അഹമ്മദാബാദിൽ എത്തിയ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടികയിലുള്ള ആർക്കും കൊവിഡില്ല. 35പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയത്. രോഗം സ്ഥിരീകരിച്ചയാൾ വാക്സീനേഷൻ ചെയ്തിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe