യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്

news image
Oct 20, 2013, 11:56 am IST payyolionline.in

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി.  ബസുകള്‍ പ്രവേശിക്കുന്നിടത്തും പാര്‍ക്ക് ചെയ്യുന്നിടത്തുമാണ് ടാറിങ് അടര്‍ന്നു കുഴികള്‍ രൂപപ്പെട്ടത്. ദേശീയപാതയില്‍ നിന്നും റയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും ബസുകള്‍ കടന്നുവരുന്ന സ്ഥലത്ത് നിറയെ കുഴികളാണ്. ബസ് സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞതിനു സമീപം മഴവെള്ളം കെട്ടികിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നു. കുഴികള്‍ ഒഴിവാക്കാന്‍ ബസുകള്‍ ദിശമാറ്റി വരുന്നത് അപകട ഭീതിയുയര്‍ത്തുന്നു. ബസുകള്‍ സ്റ്റാന്‍ഡിനകത്തേക്കും പുറത്തേക്കും പോകുന്നതിനിടയിലൂടെയാണ് യാത്രക്കാരും പ്രവേശിക്കുന്നത്. സ്റ്റാന്‍ഡിലേക്ക് കയറുമ്പോഴും വേഗം കുറയ്ക്കാതെ ബസുകള്‍ ചീറിപ്പാഞ്ഞുവരുമ്പോള്‍ യാത്രക്കാര്‍ ഭയപ്പെട്ട് ഓടിമാറുകയാണ് പതിവ്.
ട്രാക്കിലെ സ്ഥലപരിമിതി കാരണം മേല്‍പ്പാലത്തിനോട് ചേര്‍ന്ന സ്ഥലത്തും ബസുകള്‍ നിര്‍ത്തിയിടുന്നു. ഇതിനിടയിലൂടെയാണ് ദീര്‍ഘദൂര ബസുകളും താമരശ്ശേരി, മുത്താമ്പി, ഏഴുകുടിക്കല്‍ ഭാഗങ്ങളില്‍ നിന്നുമുള്ള ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കേണ്ടത്. ഈ സമയം ട്രാക്കില്‍നിന്നു ബസുകള്‍ പുറത്തേക്കെടുക്കാന്‍ സാഹസപ്പെടണം. ബസ് സ്റ്റാന്‍ഡില്‍ ഒരു വശത്ത് 13 ട്രാക്കുകളാണുള്ളത്. ഇതിലധികം ബസുകള്‍ എത്തുമ്പോള്‍ മേല്‍പ്പാലത്തിനോട് ചേര്‍ന്ന സ്ഥലത്താണ് നിര്‍ത്തിയിടുക. ഇവിടെയും സ്ഥലപരിമിതിയുണ്ട്. കൂടാതെ മാലിന്യം തള്ളുന്നതും സമീപത്താണ്. ഇതു നീക്കം ചെയ്താല്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ലഭിക്കും.

പുതിയ ബസ് സ്റ്റാന്‍ഡ് മോടിപിടിപ്പിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം നടപ്പിലായില്ല, പഴയ ബസ് സ്റ്റാന്‍ഡിലെ സ്ഥിതിയും ദയനീയം. യാര്‍ഡ് പൊട്ടിപ്പൊളിഞ്ഞു താറുമാറായി കിടപ്പാണ്. ടാറും മെറ്റലും ഇളകി ചെറിയ കുഴികള്‍ രൂപപ്പെട്ടത് മഴയില്‍ ഗര്‍ത്തങ്ങളായി. വാഹനങ്ങള്‍ കുഴിയില്‍ ചെന്നുചാടുകയാണ്. റയില്‍വേ മേല്‍പ്പാലം തുറന്നതോടെ നഗരത്തില്‍ ഗതാഗതപരിഷ്‌ക്കാരം നടപ്പിലാക്കിയിരുന്നു.
ദേശീയപാതയിലുടെ പോകുന്ന വാഹനങ്ങളെല്ലാം കടത്തിവിടുന്നത് പഴയ ബസ് സ്റ്റാന്‍ഡിനകത്തുകൂടോയാണ് ഇടതടവില്ലാതെ വാഹനങ്ങള്‍ പോകാന്‍ തുടങ്ങിയതോടെ ബസ് സ്റ്റാന്‍ഡിലെ കുഴികള്‍ ഗര്‍ത്തങ്ങളായി. തുലാവര്‍ഷം തുടങ്ങിയപ്പോള്‍ ഗര്‍ത്തങ്ങള്‍ വെളളക്കെട്ടിനടിയിലായി. ഗര്‍ത്തങ്ങള്‍ എവിടെയാണെന്നറിയാതെ വാഹനങ്ങള്‍ കുഴിയില്‍ ചാടുകയാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചാല്‍ ഗര്‍ത്തങ്ങള്‍ കാരണം ഇഴഞ്ഞുനീങ്ങണം. ഇതു നഗരത്തില്‍ ഗതാഗതക്കുരുക്ക് സ്യഷ്ടിക്കുന്നു. ബസ് സ്റ്റാന്‍ഡിനും റോഡിനുമിടയിലുമുള്ള ഓവുചാലിന്റെ സ്ലാബും തകര്‍ച്ചയിലാണ്. നേരത്തെ ആളുകള്‍ നടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വാഹനങ്ങള്‍ പോകാന്‍ തുടങ്ങിയതോടെയാണ് സ്ലാബുകള്‍ ദുര്‍ബലമായി പൊട്ടിപ്പൊളിയാന്‍ തുടങ്ങിയത്.
ഗതാഗതം സുഗമമാക്കാന്‍ സ്റ്റാന്‍ഡിനകത്തെ വൈദ്യൂതി ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ല. ട്രാന്‍സ്‌ഫോമര്‍ ബസ് സ്റ്റാന്‍ഡിലെ സ്ഥലം അപഹരിക്കുന്നതും ഗതാഗതത്തിനു തടസ്സം സ്യഷ്ടിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe