പിഎസ്‍സി പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം: പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

news image
Feb 8, 2024, 5:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ കേസിലെ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. പരീക്ഷാർഥിയായ നേമം സ്വദേശി അമൽജിത്തിനെയും പകരം പരീക്ഷയെഴുതാൻ എത്തിയയാളെയുമാണ് പൊലീസ് തിരയുന്നത്. അമൽജിത്തിനെ പിടികൂടാകാനാകാത്തതിനാൽ രണ്ടാമനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. പൂജപ്പുര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ബയോമെട്രിക് പരിശോധനയിൽ പിടികൂടുമെന്ന് ഉറപ്പായതോടെയാണ് പ്രതി സ്കൂൾ മതിൽ ചാടിക്കടന്ന് മറ്റൊരാളുടെ ബൈക്കിന് പിന്നിൽ കയറി രക്ഷപ്പെട്ടത്. പൂജപ്പുരയിൽനിന്ന് തിരുമല ഭാഗത്തേക്കാണ് ഇവർ രക്ഷപ്പെട്ടത്.

എന്നാൽ, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ല. ബൈക്ക് ഓടിച്ചിരുന്നത് അമൽജിത്താണെന്നാണ് പൊലീസ് സംശയിക്കുന്നത്‌. ഇയാളുടെ വീട്ടിൽ പൊലീസ് വ്യാഴാഴ്ച എത്തിയെങ്കിലും അമൽജിത്ത്‌ സ്ഥലത്തില്ലെന്നാണ് വീട്ടുകാർ അറിയിച്ചത്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറുവേദനയായതിനാലാണ് പരീക്ഷാഹാളിൽനിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്.

ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർഥി ഹാൾടിക്കറ്റുമായി പുറത്തേക്ക് ഓടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe