തൃശൂർ: പാലിയേക്കര ടോൾ പിരവ് കമ്പനിക്കെതിരെ പരാതിയുമായി കെ.എസ്.ആർ.ടി.സി. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ടോൾ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ശിപാർശ.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത്. 2012 മുതൽ കമ്പനി ടോൾ പിരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്പനി ടോൾ പിരിവുമായി മുന്നോട്ടു പോകുകയായിരുന്നു.
ഫാസ്ടാഗ് ഇല്ലാതിരുന്ന 2014 മുതൽ 2021 വരെ കാലയളവിൽ കെ.എസ്.ആർ.ടി.സി 99.9 കോടി രൂപ നൽകാനുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. എന്നാൽ, 30.51 കോടി മാത്രമേ നൽകാനുള്ളുവെന്നായിരുന്നു കെ.എസ്.ആർ.ടി.സി വാദം. തർക്കം രൂക്ഷമായതിനെ തുടർന്ന് 3.06 കോടി രൂപ സർക്കാർ നൽകി പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു.
പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇത്രത്തോളം തുക നൽകാനില്ലെന്ന് കെ.എസ്.ആർ.ടി.സി കണ്ടെത്തിയത്. മുന്നേ കണ്ടം ചെയ്ത വാഹനങ്ങൾക്ക് ഉൾപ്പടെ കമ്പനി ടോൾ ഈടാക്കിയെന്നാണ് കെ.എസ്.ആർ.ടി.സി കണ്ടെത്തിയത്. തുടർന്നാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്.