കോട്ടയം: കോട്ടയം പാലാ നഗരസഭയിലെ പകിട കളി വിവാദത്തില്‍ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. കൗൺസിൽ ഹാളിന് മുന്നിൽ പകിട കളിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. പകിട കളിയുടെ കാര്യത്തിൽ ചെയർപേഴ്സൺ വിശദീകരണം നൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കൗൺസിൽ യോഗത്തിൽ ബഹളമായത്.
ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുളളവർ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് ആധാരം. പാട്ടും കളിയുമൊക്കെയായി പാലാ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ കഴിഞ്ഞ മാസം നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സിപിഎമ്മുകാരിയായ ചെയർപേഴ്സൺ ജോസിൻ ബിനോയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ മുൻ അധ്യക്ഷൻ ആന്‍റോ പടിഞ്ഞാറേക്കരയും പ്രതിപക്ഷ നിരയിലെ രണ്ട് കോൺഗ്രസ് കൗൺസിലർമാരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടയിലാണ് സംഘാംഗങ്ങളിൽ ചിലർ പണം വച്ച് പകിട കളിക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ നിയമലംഘനം നടത്തിയെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിന്‍റെ ആരോപണം.
സംഭവത്തെ പറ്റി പ്രതികരിക്കാൻ ചെയർപേഴ്സൺ ജോസിൻ ബിനോ തയാറായിട്ടില്ല. പണം വച്ച് കളി നടന്നിട്ടില്ലെന്നും തമാശയ്ക്ക് ദൃശ്യങ്ങളെടുക്കാൻ വേണ്ടി ഹൗസ് ബോട്ടിലുണ്ടായിരുന്ന പകിട പലകയിൽ പണം വച്ചതാണെന്നുമാണ് മുൻ അധ്യക്ഷൻ ആൻറോ പടിഞ്ഞാറേക്കരയുടെ വിശദീകരണം.