പറവൂരിൽ കുഴിമന്തി കഴിച്ച 17 പേർക്ക് ഭക്ഷ്യവിഷബാധ; യുവതിയുടെ നില ഗുരുതരം

news image
Jan 17, 2023, 9:05 am GMT+0000 payyolionline.in

കൊച്ചി∙ എറണാകുളം പറവൂരിൽ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾ ഉൾപ്പടെ 17 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഭക്ഷ്യവിഷബാധയേറ്റ 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. കൂടുതൽ പേർക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന.

മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe