നോട്ടീസിലെ രാജഭക്തി: സാംസ്കാരിക പുരാവസ്തു ഡയറക്ടറെ മാറ്റി ദേവസ്വം ബോർഡിന്റെ നടപടി

news image
Nov 13, 2023, 2:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് നടപടി. നോട്ടീസ് പുറത്തിറക്കിയ സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ ചുമതലയിൽ നിന്ന് നീക്കി. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായതിലാണ് നടപടി.

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ് നേരത്തെ വിവാദമായത്. അടിമുടി രാജഭക്തി വെളിവാക്കുന്ന നോട്ടീസിൽ   പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നുമായിരുന്നു. കൂടാതെ ക്ഷേത്രപ്രവേശനത്തിന് കാരണം  രാജാവിന്‍റെ കരുണയാണെന്ന് തോന്നിപ്പിക്കുന്ന വരികളുമുണ്ടായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചെങ്കിലും ആവശ്യമെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസി‍ഡന്‍റ് അറിയിച്ചിരുന്നു. പിന്നാലെയാണ് ഡയറക്ടറെ നീക്കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര പരിപാടിയില്‍ നിന്ന് തിരുവിതാംകൂർ രാജകുടുംബാംഗങ്ങള്‍ വിവാദത്തെ തുടർന്ന് വിട്ടുനിന്നിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബ പ്രതിനിധികളായി ഗൗരി ലക്ഷ്മി ഭായിയെയും ഗൗരി പാര്‍വതി ഭായിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. അസുഖം കാരണം ഇരുവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇന്ന് രാവിലെ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ശിലാഫലകത്തില്‍ പേരുവച്ചെങ്കിലും ഇരുവരും എത്തിയില്ല. നേരിട്ട് അന്വേഷിച്ചപ്പോള്‍, വിട്ടുനിന്നതിന് കാരണങ്ങള്‍ ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe